വിസ്‌ഡം മദ്‌റസ പൊതുപരീക്ഷ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു...
വിസ്ഡം എഡ്യൂക്കേഷൻ ബോർഡ്
വളർന്നുവരുന്ന തലമുറക്ക് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ശാസ്ത്രീയമായി ഇസ്‌ലാമിക അധ്യാപനങ്ങൾ പകർന്നു കൊടുക്കുന്നതിനുള്ള വ്യവസ്ഥാപിത സംവിധാനമാണ് വിസ്ഡം എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലുള്ള മദ്റസകൾ.
വിദ്യാർഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും അതിനെ പരിവർത്തിപ്പിക്കുന്നതിലും ശ്രദ്ധയൂന്നിയായിരിക്കും ഈ സംവിധാനത്തിലൂടെ മതപഠനം നടക്കുന്നത്. വ്യക്തി എന്ന നിലയിൽ, സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന രൂപത്തിൽ അവന്റെ വ്യക്തിത്വം മാറ്റിയെടുക്കാൻ ഉപയുക്തമാക്കുന്നതാവണം മദ്റസ പഠനം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്.
മതപഠനവും അഭ്യസനവും ആത്യന്തികമായി ഓരോരുത്തരുടെയും പരലോക ജീവിതത്തിന്റെ ധന്യതയ്ക്കും മോക്ഷപ്രാപ്തിക്കുമാണെന്ന ധാരണ വളർത്തുകയും മറ്റേതൊരു ലക്ഷ്യവും ക്ഷണികവും താൽക്കാലിക നേട്ടത്തിന് നിമിത്തവുമാണെന്ന ബോധ്യവും കുഞ്ഞുമനസ്സുകളിൽ വേരുറപ്പിക്കുകയും ചെയ്യും.
പുരോഗമനപരമായ ദർശനങ്ങളുടെയും പഠനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹത്തിലെ മുഴുവൻ പേരുടെയും ക്രിയാത്മക പങ്കാളിത്തമുള്ള ഒരു ഭാവി സമൂഹത്തെയാണ് നാം മുന്നിൽ കാണുന്നത്. അങ്ങനെയുള്ള ഒരു ജനാധിപത്യ സമൂഹത്തിന്റെ ആശയലോകം ഉൾക്കൊള്ളുന്ന പഠന രീതിയാണ് നാം വികസിപ്പിച്ചെടുക്കുന്നത്. മതം, ജാതി, വർഗം, സാമൂഹിക-സാമ്പത്തിക സ്ഥിതി, പ്രാദേശികത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു തരത്തിലുമുള്ള അസമത്വം നടമാടാത്തതും മാനവികത നിലനിൽക്കുന്നതുമായ ഒരു ഭാവി സമൂഹമാണ് നമ്മുടെ സ്വപ്നം.
സാമൂഹിക തിന്മകൾക്കെതിരെ അണിചേരാനും സാമൂഹിക പുരോഗതികൾക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള സന്നദ്ധതയും, വിഭാഗീയ ശക്തികൾക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള മനോഭാവവും മദ്റസ ഘട്ടത്തിൽ തന്നെ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കുന്നു.